Freitag, 24. Oktober 2008

ദേവലോകം 3

എന്റെ കൃഷ്ണാ... ഞാന്‍ എന്താ ഈ കണ്ടത്... ചന്ദ്രഭാനുന്റെ കയ്യില്‍ മൊബൈല്‍... ഏതായാലും ഞാന്‍ ഞെട്ടിയത് പുറത്തു കാണിക്കണ്ട...

"അല്ലാ ചന്ദ്രഭാനൂ... ആരാ വിളിച്ചത്?"

"ഓഹ് അതോ? അത് സ്വര്‍ഗത്തീന്നാ... അങ്ങോട്ട് ആരെയും കാണുന്നില്ലല്ലോ, എന്താ ഇവിടെ കാലന്‍ വല്ല ഹോളിടെയ്സിനും പോയോ എന്നറിയാന്‍ ഇന്ദ്രന്‍ വിളിച്ചതാ..."

"അത് ശെരി... അപ്പം ഇവിടെയും മൊബൈലും കമ്പ്യുട്ടറും ഒക്കെ ആയി അല്ലെ..."

"പിന്നേ.. ആയോന്നോ... അതൊക്കെ പണ്ടേ ആയി... അത് കൊണ്ടു ഇപ്പം ഭൂമിയില്‍ നിന്നും ഇപ്പൊ കംപ്യുട്ടര്‍ പഠിച്ചവരെ അല്ലെ കൂടുതലായി ഇങ്ങോട്ട് വിളിപ്പിക്കുന്നത്... ഇവിടുത്തെ പണിക്കും ആള് വേണ്ടേ..."

"ആഹാ... അപ്പം അവിടെ ഒള്ള പാവപ്പെട്ട പിള്ളേര്‍ക്ക് ജോലിയുടെ പേരില്‍ ടെന്‍ഷന്‍ കൊടുത്തു അവസാനം ആത്മഹത്യയില്‍ കൊണ്ടെത്തിക്കുന്നത് നിങ്ങള്‍ ആണല്ലേ?"

"അയ്യോ അത് ഞാനല്ലാ... യമദേവന്‍ അല്ലെ... ഞാന്‍ പുള്ളീടെ വെറും പി. എ. മാത്രം."

"അപ്പം അങ്ങനെയാണ് പട്ടാമ്പി റെയില്‍വെ സ്റേഷന്‍ ഉണ്ടായത്.."

"ങേ... പട്ടാമ്പിയില്‍ എപ്പോഴാ റെയില്‍വേ സ്റേഷന്‍ ഉണ്ടായത്??? ഞാന്‍ അറിഞ്ഞില്ലല്ലോ."

"എടൊ മരമണ്ടാ... അതൊരു ബനാനാ ടോകാ..."

"ഓ അങ്ങനെ... ശെരി ശെരി... അല്ല കണ്ണാ... നീ എങ്ങനെ ഇവിടെ എത്തി... അത് ഇതവരെ പറഞ്ഞില്ലല്ലോ?"

"എടൊ ഇയാളിത് ഇവിടുത്തെ പി.എ. ആണ്? പി.എ.-ന്നൊക്കെ പറയുമ്പോ യമ ദേവന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണ്ടേ? ഇത് ചുമ്മാ... ആഹ് അതെന്തെന്കിലും ആവട്ടെ... ഞാന്‍ ആത്മഹത്യ ചെയതതാടോ... അവിടെ നിന്നിട്ട് വെല്യ കാര്യമോന്നുമില്ലന്നു തോന്നി... അത് കൊണ്ടു കായലില്‍ ചാടി ചത്തു..."

"അങ്ങനെ വരാന്‍ വഴിയില്ലല്ലോ... ആത്മഹത്യ ചെയ്താലും കിന്കരന്മാരാന് ഇങ്ങോട്റെക്ക് കൊണ്ടു വരാറുള്ളത്... വന്ന ഒടനെ അവര്‍ ചിത്രഗുപ്തന്റെ അടുത്ത ഹാജരാക്കും. ഇനി അഥവാ ചിത്രഗുപ്തന്‍ ബിസി ആണെന്കില്‍ എന്റെ അടുത്തേക്കും. ഇതിലെന്തോ മാറിമായം സംഭവിച്ചിട്ടുണ്ട്... ഏതായാലും കണ്ണന്‍ വാ... നമ്മുക്കൊന്ന് നോക്കാം..."

മറിമായമോ? എന്ത് മറിമായം... ഏതായാലും ഇവന്റെ പുറകെ കൂടാം... കണ്ടിട്ട് ഒരു മര്യാദക്കാരന്‍ ആണെന്ന് തോന്നുന്നു... ഇയാളിതെങ്ങനെ ഈ പുകയുടെ ഇടയില്‍ കൂടി നടക്കുന്നു? ആരെങ്കിലും വന്നു ചവിട്ടിയാല്‍ പോലും അറിയില്ല... പുക കാരണം ആളെ പോലും കാണത്തില്ല... ആഹ് ആര്‍ക്കറിയാം... തല്‍ക്കാലം പുറകെ തന്നെ കൂടാം...

ചുറ്റും അതിലെയും ഇതിലെയും ആയി കൊറേ പേര്‍ നടക്കുന്നുണ്ട്... കുറച്ചു മുന്‍പിലായി ഒരു വലിയ ആള്‍ക്കൂട്ടം... എന്താ സംഭവം?... ചന്ദ്രഭാനൂ അങ്ങോട്റെക്കാനല്ലോ പോവുന്നത്...

"എടൊ ചന്ത്രഭാനൂ... നമ്മള് ഇതെവിടെത്തി?"

"ഓഹ് സോറി... നിങ്ങള്‍ ഇവിടെ ഇതാധ്യാട്ടാണല്ലോ... പറയാന്‍ മറന്നു... ഇതാണ് ചിത്രഗുപ്തന്റെ സര്‍വീസ് ഡസ്ക്. ഇവിടെ നിന്നാണ് ചിത്രഗുപ്തന്‍ ആളുകളുടെ കണക്കെടുപ്പ് നടത്തുന്നത്... കണ്ണാ താനിവിടെ നില്‍ക്ക് ഞാന്‍ ഇപ്പൊ വരാം..."

എന്റെ ദേവീ... എന്തൊരു തിരക്കാ ഇവിടെ? എന്കി പിന്നെ ഒരു കൌണ്ടര്‍ കൂടി തുറന്നാല്‍ ഇത്രയും തിരക്ക് ഇവിടെ വരില്ലല്ലോ.... അല്ലാ... പുറകില്‍ വേറെ രണ്ടു കൌണ്ടര്‍ കൂടി ഒണ്ടല്ലോ... അവിടെ എന്താ ഒരു കൌണ്ടറില്‍ നല്ല തിരക്കും മറ്റേ കൌണ്ടറില്‍ ആളില്ലാത്തതും?... ഏതായാലും ചന്ദ്രഭാനു വരുമ്പോ ചോദിക്കാം... കൊറച്ചു നേരം അവിടെ നിന്നു അവിടുത്തെ കാര്യങ്ങള്‍ നോക്കിയപ്പോ ഒരു സംഗതി മനസ്സിലായി... ഓരോരുത്തരെയും ചിത്രഗുപ്തന്റെ അടുത്തേക്ക് കൊണ്ടു വരുന്നത് നല്ല തടിച്ച് ഇരുണ്ടു ഉള്ള ആളുകള്‍... അപ്പൊ ലവന്മാരാന് കിന്കരന്മാര്‍... ചിലരെ പിടിച്ചു കൊണ്ടാണ് വരുന്നത്... എന്നാ ചിലരോ... കിന്കരന്മാരുടെ കൂടെ മര്യാദക്ക് നടന്നു കൊണ്ടാണ് വരുന്നത്... സര്‍വിസ് കൌണ്ടറില്‍ നിന്നും പുറത്തേക്ക് വരുന്നവര്‍ പലരും അക്രമാസക്തരാവുന്നു... എന്താണാവോ കാര്യം... പുറകിലെ കൌണ്ടാരിലെക്ക് ഒന്നൂടെ സൂക്ഷിച്ചു നോക്കി... ആഹാ... അവിടെ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ടല്ലോ... ഐര്പോര്‍ത്ടിലെ പോലെ തന്നെ... ഒരു ആളുകള്‍ കൂടുതല്‍ ഉള്ള കൌണ്ടറിലെ ബോര്‍ഡില്‍ എന്താ എഴുതിയിരിക്കുന്നത്?.
"അവെര്‍ലി സര്‍വിസ്... നെക്സ്റ്റ് സര്‍വീസ് അറ്റ്‌ എലേവന്‍ തെര്‍ട്ടി. നരകം നോണ്‍ സ്റ്റോപ്പ്."
അത് ശെരി... വെറുതെ അല്ല അതിന്റെ മുന്‍പില്‍ ഇത്രയും ആളുകള്‍... നരകത്തിലേക്ക് പോകുന്നവര്‍ അതിലെയ പോവണ്ടിയത്... അപ്പൊ അതിന്റെ അപ്പുറത്തുള്ള സര്‍വീസ് ഡസ്ക് സ്വര്‍ഗതിലെക്കുല്ലതായിരിക്കുമല്ലോ?.
"സര്‍വീസ് എവെരി ടു ദയ്സ്. സ്വര്‍ഗം നോണ്‍ സ്റ്റോപ്പ്"
ഹഹാ അത് കൊള്ളാം... നരകത്തിലേക്ക് എല്ലാ മണിക്കൂറിലും വണ്ടിയുണ്ട്. സ്വര്‍ഗത്തിലേക്ക് എല്ലാ രണ്ടു ദിവസം കൂടുംബോഴെക്കുമേ ഒള്ളൂ... ഇത് വല്ലതും നാട്ടില്‍ ഉള്ളവര്‍ അറിയുന്നുണ്ടോ ആവോ... ഇനി ഇപ്പം ഞാന്‍ എന്ഗോട്ടായിരിക്കും പോവുന്നത്... സ്വര്‍ഗതിലെക്കല്ലാതെ വേറെ എങ്ങോട്ട്... അപ്പം പിന്നെ ഇനി രണ്ടു ദിവസം വെയിറ്റ് ചെയ്യണമല്ലോ... ആഹ് സാരമില്ല... ചന്ദ്രഭാനൂന്റെ കൂടെ കൂടാം...

"കണ്ണാ..."

പെട്ടന്നുള്ള വിളിയെന്നെ ചിന്തകളില്‍ നിന്നും എണീപ്പിച്ചു...

"ഹ്മം എന്തായി?... ഞാന്‍ എങ്ങനെ ഇവിടെ എത്തി എന്ന് വല്ല ഐഡിയയും കിട്ടിയോ?"

"കണ്ണാ... അത് പിന്നെ...."

"പറ ഇഷ്ടാ... ഇങ്ങനെ മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാതെ..."

"അത് ഒരു അബദ്ധം പറ്റിയെന്നു തോന്നുന്നു... ആക്ച്വലി കണ്ണന്‍ ഇപ്പൊ ഇവിടെ നില്‍ക്കണ്ടിയതല്ല..."

"എന്ന് വെച്ചാ..."

"എന്ന് വെച്ചാ, കണ്ണന്റെ ജീവിതത്തില്‍ ഒരു ആത്മഹത്യാ ശ്രമം പറഞ്ഞിട്ടുള്ളതാ... പക്ഷെ അത് കൊണ്ടു തീരണ്ടിയിരുന്നതല്ല കണ്ണന്റെ ജീവിതം..."

"പിന്നെ..."

"വെള്ളത്തില്‍ ചാടിയ കണ്ണനെ ഒരാള്‍ രക്ഷപെടുത്താന്‍ നിയോഗിക്കപ്പെട്ടിരുന്നു..."

"എന്നിട്ട് ഞാന്‍ ആരെയും കണ്ടില്ലല്ലോ?"

"അതാ പ്രശ്നായി പോയത്... എന്തോ എവിടെയോ ഒരു മിസ്റ്റെക്ക് പറ്റി. കണ്ണനെ രക്ഷിക്കണ്ടിയാ ആള് കണ്ണന് മുന്നേ ആ കായലില്‍ തന്നെ വീണു മരിച്ചു... പുള്ളി കണ്ണന്‍ വരുന്നതിനും മുന്പേ ഇവിടെ എത്തി. ഇവിടെ കൌണ്ടറില്‍ ഇരുന്നത് ഒരു പുതിയ പെന്കൊച്ചാ... അവള് വന്ന ഒടനെ പുള്ളിയെ കടത്തി വിട്ടു... ആ പുള്ളി ഒള്രെടി നരകത്തില്‍ എത്തി..."

"അതിന്..."

"അതിന്... കണ്ണനെ ഇപ്പൊ ഞങ്ങള്‍ക്ക് ഇവിടെ നിറുത്താന്‍ അവകാശമില്ല..."

"ദെ ഒരുമാതിരി മറ്റേ പരുപാടി കാണിക്കരുത്... ഞാന്‍ ഇനി നാട്ടില്‍ തിരിച്ചു ചെന്നിട്ടു യാതൊരു കാര്യവുമില്ല... അല്ലെങ്കില്‍ പിന്നെ എനിക്ക് കൊറേ ക്യാഷ് താ... എന്നാ പിന്നെ ഞാന്‍ പോകാം..."

"അവിടെയും ഒണ്ടു ഒരു ചെറിയ കുഴപ്പം..."

"എന്ത്?"

"കണ്ണന്റെ ശരീരം ഇപ്പൊ ഒന്നെന്കില്‍ കായലിന്റെ അടിത്തട്ടില്‍ ചെന്നു കാണും... അല്ലെങ്കില്‍ ഏതെങ്കിലും മീന്‍ തിന്നു കാണും... ഇനി ആ ശരീരത്തില്‍ കേറാന്‍ കണ്ണന് പറ്റില്ല."

എന്റെ തല ചുറ്റുന്ന പോലെ... അപ്പം ഇനി ഞാന്‍ എന്ത് ചെയ്യും?... അല്ലാ... ഈ സീന്‍ ഞാന്‍ എവിടെയോ കണ്ടിട്ടുണ്ടല്ലോ... ആഹ് പിടികിട്ടി... പിടികിട്ടി...

"ഡോ... താന്‍ എന്താ എന്റടുത്ത് പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ സിനിമാക്കഥ പറയുവാനോ? അതിലും ഇങ്ങനെ തന്നാ.... ആ പരുപാടി എന്റടുത്ത് നടക്കില്ല... എനിക്കിപ്പം യമനെ കാണണം... എവിടെ പുള്ളി.... വിളിച്ചു വരുത്തി ഇലയിട്ടിട്ട് ചോറില്ലാന്നു പറയും അതിന്റെ കൂട്ടത്തില്‍ തുണി കൂടി പൊക്കി കാണിച്ചാലുണ്ടല്ലോ... എന്റെ സ്വഭാവം മാറും... ഒള്ള കാര്യം പറഞ്ഞേക്കാം... എവിടെ കാലന്‍..."

"എന്റെ പൊന്നു കണ്ണാ ഇങ്ങനെ കിടന്നു ബഹളം വയ്ക്കാതെ... ഞാന്‍ ആ സിനിമാ കണ്ടിട്ടില്ല... ഇവിടെ ഇപ്പം ദിവിടി മാത്രമെ എടുക്കാറുള്ളൂ... "

"താന്‍ എന്താ തമാശിക്കുവാണോ... മര്യാദക്ക് താന്‍ എന്നെ കാലന്റെ അടുത്ത എത്തിക്ക്‌... ഇല്ലെങ്കില്‍ എന്റെ സ്വഭാവം മാറും..."

"ശിവനേ... എന്തിനാ എനിക്കിങ്ങനെ ഒരു പരീക്ഷണം... എന്റെ പൊന്നു കണ്ണാ... നമ്മുക്ക് പരിഹാരം ഉണ്ടാക്കാം... യമദേവന്റെ അടുത്ത് ചെന്നാ എന്റെ കഥ അതോടെ തീരും... ഇങ്ങനെ ഒരു അബദ്ധം ഇതാധ്യമാ... എന്റെ കഴിവ് കേടായിട്ടെ ഇതിനെ കാണൂ.. അത് കൊണ്ടു ഞാന്‍ പറയുന്നത് ദൈവത്തെ ഓര്ത്തു ഒന്നു കേള്‍ക്ക."

"ഹ്മം പറ..."

"തല്‍ക്കാലം കണ്ണന്‍ എന്റെ കൂട്ടത്തില്‍ കൂടിക്കോ... ഭൂമിയിലേക്ക് പോവണ്ട... ഈ വേഷം ഒക്കെ ഒന്നു മാറ്റിയാല്‍ മതി... ഞാന്‍ എന്റെ ട്രെയ്നി ആണെന്ന് പറഞ്ഞോളാം... ഇനി അഥവാ കണ്ണനോട് ആരെങ്കിലും ചോദിച്ചാ അങ്ങനെ പറഞ്ഞാ മതി... എന്താ???"

"അത് കൊണ്ടു എനിക്കെന്താ ഗുണം?"

"കണ്ണന്റെ ആഗ്രഹങ്ങള്‍ എല്ലാം ഞാന്‍ സാധിച്ചു തരാം..."

"എല്ലാം???"

"എല്ലാം..."

എന്റെ ഉള്ളില്‍ അറിയാതെ തന്നെ ഒരു ചെറിയ ചിരി പൊട്ടി....